ജോസെഫ് സെബാസ്റ്റ്യനും ചിത്ര ശലഭങ്ങളും

'പെണ്ണുങ്ങള്‍, പിടക്കുന്ന പുഴ മീനുകള്‍ ;
ഇരുവര്‍ക്കും ആഴങ്ങളുടെ  കൊതിപ്പിക്കുന്ന ഉളുമ്പ് നാറ്റമുണ്ട്  .'  
-ജോസെഫ് സെബാസ്റ്റ്യന്‍റെ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് .

1. 
729 നിലകളുള്ള ഒരു പടുകൂറ്റന്‍ 
അപ്പാര്‍ട്ട്മെന്റിന്റെ ഉച്ചിയില്‍ 
ആകാശത്തേക്ക് മുളച്ചു നില്‍ക്കുന്ന 
ഒരു വാട്ടര്‍ ടാങ്കിന്റെ ടെറസില്‍ 
ആകാശക്കാറ്റുകളില്‍ ലയിച്ച് 
നിലാവില്‍ കുളിച്ച് 
ഒരാള്‍ നില്‍ക്കുകയാണ്.

അനേകായിരം ഫ്ലാറ്റുകളില്‍ 
മനുഷ്യര്‍ വഴക്കിടുകയും 
അത്താഴം കഴിക്കുകയും
ഇണ ചേരുകയും ചെയ്തതിനു ശേഷം ഉറങ്ങുമ്പോള്‍
ആകാശത്തിലെ കണ്ണുചിമ്മുന്ന നക്ഷത്രങ്ങളേയും 
ഭൂമിയിലെ കണ്ണുചിമ്മാത്ത മഞ്ഞ വെട്ടങ്ങളേയും 
സാക്ഷി നിര്‍ത്തി 
ഈ പച്ചപാതിരാത്രിയില്‍ അയാളവിടെ 
എന്തെടുക്കുകയാണ്.?

അതാ, അത്ഭുതം.!
അയാള്‍ തന്‍റെ ഉടുപ്പുകള്‍ ഓരോന്നായി 
അഴിക്കുകയാണ്.
ആദ്യം അയാളുടെ ഷര്‍ട്ട്‌, 
പിന്നെ ജീന്‍സ്, ഒടുക്കം തന്‍റെ 
അടിവസ്ത്രവും അഴിച്ചു കളഞ്ഞ് 
പരിപൂര്‍ണ നഗ്നനായി, ആയാള്‍
ഈ പാതിരാത്രിയെ ചുമ്മാ ഞെട്ടിക്കുകയാണ്.

അതാ., നോക്കൂ..,
അയാള്‍ തന്‍റെ അരക്കെട്ടില്‍ തലോടുകയാണ്.
ആകാശം കോരിത്തരിച്ചു നോക്കുകയാണ്.
രാത്രി അന്തം വിട്ടു നില്‍ക്കുകയാണ്.
സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണു തള്ളി നില്‍ക്കുകയാണ്..
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മണ്ടായെന്ന്‍ വിചാരിക്കുകയാണ്.
പെട്ടെന്ന് , അയാള്‍ തന്‍റെ ലിംഗത്തില്‍ പിടിക്കുകയാണ്.,
സ്വയം ഭോഗം ചെയ്യാന്‍ തുടങ്ങുകയാണ്.

ഈ രാത്രിയുടെ സ്വച്ഛതയെ 
പുല്ലുപോലെ  വെല്ലുവിളിച്ച് , 
ടെറസില്‍ മലര്‍ന്ന് കിടക്കാന്‍ തുടങ്ങുകയാണ്.
ഹോ.! എന്തൊരു നിമിഷമാണത്‌?
അയാളുടെ    കാല് വഴുതിപ്പോകുകയാണ്.
ആ പടുകൂറ്റന്‍ അപ്പാര്‍ട്ട്മെന്റിന്റെ ഉച്ചിയില്‍ നിന്നും,അയാള്‍
താഴേക്കു വീഴുകയാണ്.,
ഭൂമിയിലേക്ക് ഒഴുകാന്‍ തുടങ്ങുകയാണ്.

കാല്‍ വിരല്‍ വായില്‍ വച്ച് നുണഞ്ഞു കിടക്കുന്ന മാലാഖക്കുഞ്ഞ്‌: 
; അല്ലെങ്കില്‍
ഉദ്ധരിച്ച സ്വന്തം ലിംഗത്തില്‍ പിടിച്ചു മലര്‍ന്ന് കിടക്കുന്ന ജോസെഫ് സെബാസ്റ്റ്യന്‍,
അവരിലാരോ  ഭൂമിയിലേക്ക്‌ തന്‍റെ അവസാനത്തെ യാത്ര നടത്തുകയാണ്.

2.
വീഴ്ച്ചയുടെ ഞെട്ടലില്‍ ബോധം മറന്ന് പോയ അയാളെ 
സ്വപ്നങ്ങള്‍ ഏറ്റെടുക്കുകയാണ്.
നിമിഷങ്ങള്‍ കൊണ്ട് തീര്‍ന്നു പോകാവുന്ന 
ഭൂമിയിലേക്കുള്ള യാത്രയില്‍ 
ഒരു യുഗത്തിനു അര നിമിഷം പോലും വേണ്ടാത്ത,
ഭൂഗുരുത്വത്തിന് ഒരു ചുക്കും ചെയ്യാനാവാത്ത, 
സ്വപ്നങ്ങളുടെ കൊതിപ്പിക്കുന്ന പ്രവേഗങ്ങളില്‍ 
അയാള്‍ പ്രവേശിക്കുകയാണ്.

;- ജോസെഫ് സെബാസ്റ്റ്യന്‍റെ ഒന്നാമത്തെ സ്വപ്നം അല്ലെങ്കില്‍
ടാറ്റൂ സുന്ദരികളുടെ നഗരം.
               
ജോസെഫ് സെബാസ്റ്റ്യന്‍ , 
മേഘങ്ങള്‍ക്ക് മുകളിലൂടെ പറക്കുകയാണ്.
അയാള്‍ക്കും തൂവലുകള്‍ക്കുമിപ്പോള്‍
ഒരേ ഭാരമാണ്.
അയാളെ ആകാശക്കാറ്റുകള്‍ 
പറത്തിവിടുകയാണ്‌....
മേഘങ്ങള്‍ നീങ്ങി മാറുമ്പോള്‍ അയാള്‍ 
മനോഹരമായ ഭൂപ്രദേശങ്ങള്‍ കാണുകയാണ്.
മേഘങ്ങള്‍  കാഴ്ച മറക്കുകയാണ്.
അയാള്‍ വീണ്ടും പറന്നു പോവുകയാണ്.
അയാളിപ്പോള്‍ 
ഫ്ലൈ ഓവറുകള്‍ക്കും ഹൈവേകള്‍ക്കും 
സണ്‍ഷേഡില്ലാത്ത കെട്ടിടങ്ങള്‍ക്കും 
മുകളിലൂടെ പറക്കുകയാണ്.
പെട്ടെന്നയാള്‍ക്ക് 
പെണ്ണുങ്ങളെ ഓര്‍മ വരികയാണ്.
ഈ നഗരത്തിലെ പെണ്ണുങ്ങള്‍ 
സുന്ദരികളാണോ   സുന്ദരികളാണോയെന്നയാള്‍
വിചാരിച്ചു പോവുകയാണ്.
അത്ഭുതം. !
അയാളുടെ തൂവല്‍ ഭാരം കൊഴിയുകയാണ്.
ഒരാണിന്റെ തൂക്കം ഉണരുകയാണ്.
നൊടിയിടയില്‍  അയാള്‍  
ഭൂമിയിലേക്ക് വീഴുകയാണ്.

ഓര്‍മ വരുമ്പോള്‍ അയാളൊരു പാര്‍ക്കിലാണ്.
അവിടെ അനേകായിരം ആണുങ്ങളും പെണ്ണുങ്ങളും  
കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുകയാണ്.
ഒരു പെണ്‍കുട്ടിയുടെ മടിയിലാണല്ലോ കിടക്കുന്നത്.,
അയ്യോ.. യെന്ന്‍,  അയാള്‍ ചാടിയെണീക്കുകയാണ്  .
ഇതേതാണ് സ്ഥലമെന്ന്‍ ,
ആരാണ് പെണ്‍കുട്ടീ നീയെന്ന്
അയാള്‍ ചോദിക്കുകയാണ്.
അവള്‍ ഒന്നും മിണ്ടാതെ ചിരിക്കുകയാണ്.
അയാള്‍ വീണ്ടും വീണ്ടും ചോദിക്കുമ്പോള്‍ 
അവള്‍, തന്‍റെ ജീന്‍സ് 
പുക്കിളിനു താഴേക്ക് 
താഴ്ത്തിക്കാണിക്കുകയാണ് .
പുക്കിളിനു താഴത്തെ 
ചിത്രശലഭത്തിന്റെ ടാറ്റൂവില്‍  
 തൊട്ട് തൊട്ട് കാണിക്കുകയാണ്.
നൊടിയിടയിലയാള്‍  ,
അവളെ അരയ്ക്കു താഴേക്ക് നഗ്നയാക്കുകയാണ്.
അടിവയറില്‍ ഉമ്മ വയ്ക്കാന്‍ ആയുകയാണ്.
പെട്ടെന്ന്‍ ,വളരെ പെട്ടെന്ന്‍.,
അവളുടെ യോനി ,
ഒരു ചിത്രശലഭമായി മാറി 
ആകാശത്തേക്ക് പറന്ന്‍ പറന്ന്‍ പോവുകയാണ്.
അടുത്ത നിമിഷം ., തൊട്ടടുത്ത നിമിഷം.,
അവള്‍ അയാളോടായി പറയുകയാണ്‌ ;
          'പ്രിയപ്പെട്ടവനേ., ജോസെഫ് സെബാസ്റ്റ്യാ..,
          നിനക്കറിയാമോ.?
          നീയെത്തിപ്പെട്ടിരിക്കുന്നത് 
          ടാറ്റൂ സുന്ദരികളുടെ നഗരത്തിലാണ്.'


;- ജോസെഫ് സെബാസ്റ്റ്യന്‍റെ രണ്ടാമത്തെ സ്വപ്നം അല്ലെങ്കില്‍
രോമസുന്ദരികളുടെ നഗരം.

ജോസെഫ് സെബാസ്റ്റ്യന്‍ , 
ആകാശത്ത് പറന്നുനടക്കുന്ന 
ഒരു പട്ടത്തിന്റെ മുകളില്‍ കയറിയിരിക്കുകയാണ്.
പട്ടത്തിനൊപ്പം അയാളും പാറുകയാണ്.
അവിടെയിരുന്ന്‍ അയാള്‍ 
താഴേക്ക് നോക്കുകയാണ്.
താഴെ ഒരു പൊട്ടുപോലെ കാണുന്ന 
ഈ പട്ടം പറത്തുന്ന മനുഷ്യജീവി 
പെണ്ണായിരിക്കുമോയെന്ന അക്ഷമയില്‍,
അയാള്‍, പട്ടത്തിന്റെ നൂലില്‍ പിടിച്ച് 
താഴേക്ക് ഊര്‍ന്നിറങ്ങുകയാണ്.
നൂലിലൂടെ ഒരു മനുഷ്യന്‍
തന്നിലേക്ക് ഇറങ്ങി വരുന്നത് കണ്ട്‌ 
പട്ടം പറത്തിയ പയ്യന്‍ 
അലറിക്കൂവിക്കൊണ്ട് 
ഒരു പൊന്തക്കാട്ടില്‍ ഒളിക്കുകയാണ്. 
താഴെ യിറങ്ങി, 
ആരെയും കാണാതെ അയാള്‍ 
വിജനതയില്‍ വെറുതെ നടക്കുകയാണ്.
ഒരു വീടിന്റെ മുറ്റത്തേക്ക് 
കയറിച്ചെല്ലുകയാണ്.
മുറ്റത്തൊരു പെണ്‍കുട്ടി തക്കാളിച്ചെടികള്‍ക്ക് 
വെള്ളമൊഴിക്കുകയാണ്.
അയാള്‍ അവളോട്‌,
ഈ സ്ഥലമെതാണെന്ന് ചോദിക്കുകയാണ്.
അവളൊന്നും മിണ്ടാതെ വെള്ളമൊഴിക്കല്‍  
തുടരുകയാണ്.
അയാള്‍ വീണ്ടും വീണ്ടും ചോദിക്കുമ്പോള്‍ 
അവള്‍ അയാളേയും കൊണ്ട് 
വീടിനുള്ളിലേക്ക് കയറിപ്പോവുകയാണ്‌.
അയാള്‍ക്ക് മുന്‍പില്‍ വച്ച് 
തന്‍റെ നീളന്‍ കുപ്പായം 
ഊരിയെറിയുകയാണ്.
പൂര്‍ണ നഗ്നയായ്‌ നിന്ന്‍
മുടിയിഴകള്‍ പിന്നിലേക്ക്‌ 
കോതിയിടുകയാണ്.
അവളുടെ കക്ഷങ്ങളിലും അടിവയറിലും 
കറുത്ത ചിത്രശലഭങ്ങളെക്കണ്ട് 
അയാള്‍ അന്തം വിടുകയാണ്.
അല്ല., ജീവനുള്ളവയല്ല.,
രോമങ്ങള്‍ ശ്രദ്ധിച്ച് വെട്ടിയൊതുക്കിയ 
രോമശലഭങ്ങളെന്നയാള്‍ 
തിരിച്ചറിയുകയാണ്.
അയാളോടിച്ചെന്ന്‍   
അവളുടെ മുന്‍പില്‍ മുട്ട് കുത്തി,
അരക്കെട്ടില്‍ ചുറ്റിപ്പിടിക്കുകയാണ്.
അടിവയറില്‍ ഉമ്മ വയ്ക്കാന്‍ 
ആയുകയാണ്.
പെട്ടെന്ന്‍., വളരെ പെട്ടെന്ന്‍.,
അവളുടെ യോനി ഒരു ചിത്രശലഭമായ് മാറി 
ആകാശത്തേക്ക് പറന്ന്‍ പറന്ന്‍ പോവുകയാണ്.
അടുത്ത നിമിഷം,തൊട്ടടുത്ത നിമിഷം.,
അവള്‍ അയാളോടായ് പറയുകയാണ്‌. ;
          'പ്രിയപ്പെട്ടവനേ., ജോസെഫ് സെബാസ്റ്റ്യാ..,
          നിനക്കറിയാമോ.?
          നീയെത്തിപ്പെട്ടിരിക്കുന്നത് 
          രോമ സുന്ദരികളുടെ നഗരത്തിലാണ്.'

3.
ആരോ വലിച്ചു വിട്ട ഒരു റബ്ബര്‍ ബാന്റ് പോലെ 
അകലം,
ജോസെഫ് സെബാസ്റ്റ്യനും ഭൂമിക്കുമിടയില്‍ 
ചലിക്കുകയാണ്.
അയാള്‍ ഭൂമിയിലേക്ക്‌ 
അടുത്തടുത്ത് വരികയാണ്.
അടുത്ത നിമിഷങ്ങളില്‍ 
അയാള്‍ ഭൂമിയില്‍ തൊടുമെന്നും
പൂപോലെ ചിതറിത്തെറിക്കുമെന്നും 
സ്വപ്നങ്ങള്‍, സുന്ദരികളുടെ നഗരങ്ങള്‍ 
എന്നെന്നേക്കുമായ് അയാളെ വിട്ട്
പറന്ന്‍ പോകുമെന്നും 
നമ്മള്‍ 
വിചാരിച്ചു നില്ക്കുകയാണ്.
പെട്ടെന്ന്‍ ., അതാ.,
ആകാശത്ത് രണ്ട് ചിത്രശലഭങ്ങള്‍ 
പ്രത്യക്ഷപ്പെടുകയാണ്.
അവരൊന്നിച്ച് അയാളിലേക്ക് പാറി വരികയാണ്.
അയാളുടെ അരക്കെട്ടില്‍ വന്ന്,
പറ്റിച്ചേര്‍ന്നിരുന്ന്‍,  
ലിംഗത്തില്‍ പതിയെ ഉമ്മ വയ്ക്കുകയാണ്.
അടുത്ത നിമിഷത്തില്‍ 
അയാള്‍ ഭൂമിയില്‍ തൊടുമെന്ന്‍  കണ്ട്‌ പേടിച്ച്‌ 
നമ്മള്‍ കണ്ണടച്ച് പോകുമ്പോള്‍ 
ചിത്രശലഭങ്ങള്‍ അയാളുടെ അരക്കെട്ടില്‍ കടിച്ചു പിടിച്ച് 
ആകാശത്തേക്ക് 
പതിയെ പാറിയുയരുകയാണ്.
ജോസെഫ് സെബാസ്റ്റ്യനെന്ന മനുഷ്യനും 
അയാളുടെ ഒരിക്കലും അസ്തമിക്കാത്ത ആസക്തിയും 
അങ്ങനെ ആകാശത്തേക്ക് ,
പതിയെ ഉയരുകയാണ്.
അപ്പോഴുമയാള്‍  സ്വപ്നങ്ങളില്‍ തുടരുകയാണ്.
സുന്ദരികളുടെ നഗരങ്ങള്‍ സന്ദര്‍ശിക്കുകയാണ്.
ഓരോ സ്വപ്നങ്ങള്‍  കഴിയുമ്പോഴും 
ഓരോ ചിത്രശലഭങ്ങള്‍  
അയാളിലേക്ക് പറന്ന്‍ ചെല്ലുകയാണ്.
ജോസെഫ് സെബാസ്റ്റ്യന്‍ 
കൂടുതല്‍ 
കൂടുതല്‍
ഉയരങ്ങളിലേക്ക് 
ഉയരങ്ങളിലേക്ക് 
ഉയരങ്ങളിലേക്ക്
പോവുകയാണ്.
ഭൂമിയിലെ എല്ലാ തുറന്നിട്ട ജനാലകളില്‍ നിന്നും,
താക്കോല്‍ പ്പഴുതുകളില്‍ നിന്നും,
വെന്റിലേറ്ററുകളില്‍ നിന്നും ,
ചിത്രശലഭങ്ങള്‍ 
ആകാശത്തിലേക്ക് 
പറന്ന്‍ തുടങ്ങുകയാണ്.