ഒത്തിരി സംസാരിക്കുന്നവര്‍ക്കിരിക്കാന്‍...?


ഒരു ദിവസം നിന്‍റെ വീട്ടില്‍ വരും,
നിന്‍റെ അച്ചനെക്കാണാനാണ്..
പേടിക്കണ്ട., വെറുതെ
സുഖവിവരങ്ങള്‍ അന്വേഷിക്കാനാണ്..
ഞങ്ങള്‍ സംസാരിക്കും,
ഒത്തിരി സംസാരിക്കും..,
ഒത്തിരി ഒത്തിരി സംസാരിക്കും..
എന്നാലും നിന്നെ നോക്കില്ല, മിണ്ടില്ല,
ചിലപ്പോ നീ തരുന്ന ഒരു കട്ടന്‍ ചായ കുടിച്ചേക്കും      ..
ഒരു കുമ്പിളപ്പവും തിന്നേക്കും..
എന്നാലും നിന്നോട് മിണ്ടില്ല.,
ചിരിക്കില്ല,
ആ മുഖത്തേക്ക് ഒരു പാളി നോട്ടം പോലും വീഴില്ല .
സംസാരിച്ച് സംസാരിച്ച്
ഇപ്പോ വരാമെന്ന് പറഞ്ഞ്
പുള്ളിക്കാരന്‍ മൂത്രമൊഴിക്കാന്‍ പോകുന്ന
ആ നിമിഷങ്ങളുണ്ടല്ലോ  പെണ്ണേ..,
ഞാന്‍ നിന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കും.
നമ്മളെന്താ ഇങ്ങനെയായതെന്ന്,
മിണ്ടാതെ മിണ്ടും.
നിന്‍റെ കണ്ണുകള്‍ തുളുമ്പാന്‍ ,
തൊണ്ടകള്‍ കനം കൊണ്ട് നിറയാന്‍,
തുടങ്ങുന്ന ആ നിമിഷങ്ങളുണ്ടല്ലോ, അല്ലേ..
പുള്ളിക്കാരന്‍ കയറി വരും.
മൂത്രമൊഴിക്കാന്‍ പറ്റാത്തതിന്‍റെ  സങ്കടത്തേപ്പറ്റി..
പ്രോസ്റ്റേറ്റ്   വീക്കത്തേപ്പറ്റി..,
മരുന്നുകളുടെ ഒടുക്കത്തെ വിലയെപ്പറ്റി..,
വിയെസിന്‍റെ ഇപ്പോഴുമുള്ള വ്യായാമങ്ങളെപ്പറ്റി..,
പാര്‍ട്ടി  സെക്രട്ടറിയെപ്പറ്റി..,
.......................................
.........................................
സംസാരിച്ച് സംസാരിച്ച്
പറഞ്ഞ് പറഞ്ഞ്
മിണ്ടി മിണ്ടി
ഞങ്ങളങ്ങനെയങ്ങനെ
ആകാശത്തേക്ക്  കയറിപ്പോവും.
കേട്ടിട്ടില്ലേ..,
ആകാശത്ത് ,
ഒത്തിരി സംസാരിക്കുന്നവര്‍ക്കിരിക്കാന്‍
പ്രത്യേകം പ്രത്യേകം
ചാരു ബെഞ്ചുകളുണ്ടെന്ന് ..!